ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ നടന്ന വിർച്വൽ കോടതി നടപടികൾക്കിടെ അശ്ലീല വീഡിയോകളും സംഗീതവും സംപ്രേക്ഷണം ചെയ്തതായി റിപ്പോർട്ട്. ബുധനാഴ്ച ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വീഡിയോ കോൺഫറൻസിംഗ് വഴി വാദം കേൾക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.
ഉച്ചയ്ക്ക് 12:56-ഓടെയാണ് കോടതി നടപടികൾക്കിടെ ആദ്യമായി അശ്ലീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഉടൻ തന്നെ ഓൺലൈൻ നടപടികൾ നിർത്തിവെച്ചു. മിനിറ്റുകൾക്ക് ശേഷം വീണ്ടും നടപടികൾ പുനരാരംഭിച്ചപ്പോൾ ഷിജിത് സിംഗ് എന്ന പേരിൽ ലോഗിൻ ചെയ്ത വ്യക്തി വീണ്ടും അശ്ലീല വീഡിയോ പ്ലേ ചെയ്തു. കുറഞ്ഞത് രണ്ട് സ്ക്രീനുകളിലെങ്കിലും ഈ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. "നിങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു" എന്ന സന്ദേശവും സ്ക്രീനിൽ പ്രദർശിപ്പിച്ചു.
മൂന്നാമത്തെ ശ്രമത്തിൽ ഇയാൾ ഉച്ചത്തിൽ പാട്ടുകൾ പ്ലേ ചെയ്തതോടെ ചീഫ് ജസ്റ്റിസിന് വിർച്വൽ ഹിയറിംഗ് പൂർണമായും നിർത്തിവെക്കേണ്ടി വന്നു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ഹൈക്കോടതി കാണുന്നത്. സംഭവത്തിൽ ഉടനടി നടപടിയെടുക്കാൻ ചീഫ് ജസ്റ്റിസ് രജിസ്ട്രാർ ജനറലിന് നിർദ്ദേശം നൽകി. ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് യൂണിറ്റിൽ പരാതി നൽകിയിട്ടുണ്ട്.
കോടതി നടപടികൾ റെക്കോർഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്നും ഇത്തരത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. വിർച്വൽ കോടതിയുടെ ലിങ്ക് ദുരുപയോഗം ചെയ്ത് കടന്നുകൂടിയ അജ്ഞാതനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബർ വിഭാഗം.
മുൻപും സമാനമായ രീതിയിൽ രാജ്യത്തെ വിവിധ കോടതികളുടെ ഓൺലൈൻ നടപടികളിൽ അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.